വിശ്വരൂപവും മാപ്പിള ലഹളയും; രണ്ടു വിരുദ്ധ സമീപനങ്ങള്‍
കരിയറിന്റെ ആദ്യ-മധ്യ കാലഘട്ടങ്ങളില്‍ ഒന്നാന്തരം കലാ സൃഷ്ടികളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ ത്രസിപ്പിച്ച കമല ഹാസന്റെ നിഴല്‍ മാത്രമാണ് ഈ അടുത്ത കാലങ്ങളില്‍ ആയി കണ്ടു കൊണ്ടിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി നിലവാരം കുറഞ്ഞ സിനിമകള്‍ വരികയും പ്രേക്ഷക മനസ്സുകളിലോ തീയേറ്ററുകളിലോ യാതൊരു ചലനവും സൃഷ്ടിക്കാതെ പോവുകയും ചെയ്യുന്നു. എഴുത്തുകാരും കലാകാരന്മാരും പൊതുവെ പല ഘട്ടങ്ങളിലും നേരിടുന്ന സര്‍ഗപരമായ പ്രതിസന്ധി ("writer's block") ഏറ്റവും പ്രകടമായി ഇപ്പോള്‍ കാണുന്നത് കമലാ ഹാസന്റെ കാര്യത്തിലാണ് എന്നുള്ളത് വേദനാജനകമാണ്. ശരാശരിയില്‍ താഴെ ഉള്ള നിരൂപണങ്ങള്‍ കാണുമ്പോള്‍ ആ നിലവാര തകര്‍ച്ചയില്‍ ഏറ്റവും പുതിയ എപ്പിസോഡ് മാത്രമാണ് "വിശ്വരൂപം" എന്ന് വേണം വിലയിരുത്താന്‍. അതാണ് സിനിമ കണ്ട സംവിധായകന് ആഷിഖ് അബു ഈ സിനിമ "വിവാദമായിരുന്നില്ലെങ്കില്‍ മുടക്കിയ മുതല്‍ നഷ്ടപ്പെടുത്തുമായിരുന്നു" എന്ന് അഭിപ്പ്രയപ്പെട്ടത്.
കമലാ ഹസ്സന്റെ പതനത്തെക്കാള് ദയനീയമാണ് ഇതിനെതിരെ പ്രതിഷേധിക്കുന്ന സംഘടനകളുടെയും ആള്കാരുടെയും സ്ഥിതി. അവഗണിക്കേണ്ടതിനെ അവഗണിക്കാനും ആശയപരമായി നേരിടെണ്ടതിനെ ആശയപരമായി നേരിടാനും അറിയാത്തവര്‍ ഈ നവ യുഗത്തിലും ഉണ്ടാവുന്നു എന്നത് അത്ഭുതം ഉളവാക്കുന്നു. ഒന്നുകില്‍ വിവാദത്തിലൂടെ പണമുണ്ടാക്കുക അല്ലെങ്കില്‍ വ്യക്തമായ രാഷ്ട്രീയ,ഗൂഡ ലക്ഷ്യങ്ങള്‍ നേടുക എന്നതാണ് ഇത് പോലുള്ള ചവറു ഇറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. "ഇന്നസന്‍സ് ഓഫ് മുസ്ലിംസ്" എന്ന സിനിമയുടെ കാര്യത്തില്‍ ആയിരുന്നു ഇത് ഏറ്റവും പ്രകടമായി കാണപ്പെട്ടത്. ശക്തമായ ക്രിമിനല്‍ പശ്ചാത്തലമുള്ള, കലാപരമായി യാതൊരു കഴിവും തെളിയിക്കാത്ത ഒരാള്‍ ഈ സിനിമ ഇന്ഗ്ലീഷില് എടുത്തപ്പോള്‍ അര്‍ഹിക്കുന്ന അവഞ്ഞയോടെ മുസ്ലിങ്ങള്‍ അടക്കമുള്ള എല്ലാവരും തള്ളി. പക്ഷെ പിന്നീട് അറബിക് സബ് ടയിട്ടില് ചേര്‍ത്ത് ഇറക്കിയപ്പോള്‍ അറബ്/മുസ്ലിം ലോകത്ത് നിന്നും അഭൂതപൂര്‍വമായ പ്രതിഷേധം ആണ് ഉണ്ടായത്. സമാധാനത്തില്‍ ഊന്നിയ മുല്ലപ്പൂ വിപ്ലവത്തിന്റെ രീതിയെ അട്ടിമറിക്കുകയും അവരെ അക്ക്രമത്തിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ട് വരികയും ചെയ്യുക എന്ന ഗൂഡ ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. മുസ്ലിങ്ങളെ നൂറ്റാണ്ടുകളായി അടക്കി ഭരിക്കുന്ന വര്‍ഗം ഏറ്റവും ഭയപ്പെടുന്നതും സൈബര്‍ യുഗത്തിലെ ഈ "iMuslim" തലമുറയെയും അവരുടെ ആശയപരമായ പ്രവര്‍ത്തനങ്ങളെയും ആണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ മാറ്റങ്ങളോടും സമീപനങ്ങളോടും പുറം തിരിഞ്ഞു നില്കുന്ന വളരെ ചെറിയ ഒരു വിഭാഗവും ഇതില്‍ ഉണ്ട്. ഇസ്ലാമിക ലോകം(മറ്റു മതസ്ഥരെ പോലെ തന്നെ) ഈ രണ്ടു വിരുദ്ധ ധാരകളും ഉള്‍കൊള്ളുന്നു എന്നതാണ് സത്യം. അഥവാ വളരെ ചെറിയ ഈ ന്യൂനപക്ഷത്തെ ഉപയോഗിച്ച് ഭൂരിപക്ഷത്തിന്റെ എല്ലാ നന്മകളെയും നശിപ്പിക്കാന്‍ താല്പര കക്ഷികള്‍ക് എളുപ്പത്തില്‍ സാധിക്കുന്നു എന്നതാണ് ഏറെ ഖേദകരം.
പ്രതികരണത്തിന്റെ കാര്യത്തിലുള്ള ഈ വൈരുധ്യം വീണ്ടും പ്രകടമാവുകയാണ് ഇന്ത്യയില്‍ ഇപ്പോള്‍. വിശ്വരൂപം സിനിമയില്‍ ഉണ്ടെന്നു പറയപ്പെടുന്ന ഇസ്ലാം വിരുദ്ധതക്കെതിരില്‍ വളരെ രൂക്ഷമായി ഒരു വിഭാഗം പ്രധിഷേധിക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്ത രീതിയിലുള്ള ഒരു സമീപനത്തിന് കൂടി ഈ അടുത്ത് കൊച്ചു കേരളം സാക്ഷ്യം വഹിച്ചു. മാപ്പിള ലഹള എന്ന പേരിലുള്ള ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയിലൂടെ പുറത്തിറങ്ങിയ "നാറ്റീവ് ബാപ്പ" ഭീകരതയെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയം വളരെ സത്യസന്ധമായും ആഴത്തിലും സമീപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ചലനം സൃഷ്ടിച്ച ആല്‍ബം മുഖ്യ ധാരാ മാധ്യമങ്ങളിലും ഇടം നേടി. സമാന രീതിയിലുള്ള നിരവധി ഉദാഹരണങ്ങള്‍ വേറെയും ഉണ്ടാകുന്നു. ഒരു പാട് മികച്ച കലാ സൃഷ്ടികള്‍ സാമ്പ്രദായികമല്ലാത്ത പല കൂട്ടായ്മയിലൂടെയും പുറത്തു വരുന്നു. ഇത് പോലുള്ള അവസരങ്ങളും അത് ഉപയോഗപ്പെടുത്തുന്നവരും ശ്ലാഘനീയമായ രീതിയില്‍ കൂടിക്കൊണ്ടിരിക്കുകയാണ് എന്നിരിക്കെ മറ്റൊരു പ്രതികരണ രീതിക്ക് എന്ത് പ്രസക്തിയാനുള്ളത് ? ഏതു വിഭാഗത്തിനാണ് ഈ സൈബര്‍ യുഗത്തില്‍ തങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നതിന് തടസ്സം ഉള്ളത് ? ആരാണ് ഇവരെ തടയുന്നത് ? ഏറ്റവും സമാധനമായ മാര്‍ഗത്തിലൂടെ പതിറ്റാണ്ടഉകളോളം ഭരിച്ച സ്വേച്ചാധിപതികളെ മറിച്ചിടാന്‍ സാധിച്ചെങ്കില്‍ പിന്നെ എന്താണ് ഈ പ്രാകൃത സമര മുറകളുടെ പ്രസക്തി ?
അല്ലെങ്കിലും ഖുറാനും പ്രവാചക ചര്യയും എതിര്പുകളെ നേരിടാന്‍ പഠിപ്പിച്ച രീതി തീര്‍ത്തും സമാധാനപരവും സഹിഷ്ണുതാപരവും ആണെന്നിരിക്കെ ഈ കാടന്‍ സമീപനങ്ങള്‍ക് എന്ത് അടിസ്ഥാനമാണ് ഇസ്ലാമില്‍ ഉള്ളത് ?സൂക്ഷ്മ നിരീക്ഷണത്തില്‍ ഇങ്ങനെ ഉള്ള ചില പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം ഇടപെട്ടു കൊണ്ട് മുസ്ലിം രാഷ്ട്രീയത്തിലുള്ള തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും അത് വഴി സ്ഥാനവും ചൂഷണത്തിനുള്ള സാധ്യതയും ഉറപ്പിക്കുന്ന രാഷ്ട്രീയ, പുരോഹിത വര്‍ഗത്തില്‍ പെട്ട നേതാക്കള്‍ ആണ് ഇതിനു പിന്നിലെന്ന് കാണാം. ദേശാടന പക്ഷികളെ പോലെ ഇടയ്ക്കിടെ മാത്രം പൊതു സമൂഹത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ പക്ഷെ ചെയ്യുന്ന ദ്രോഹം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്വന്തം സമുദായത്തെ തന്നെ. വംശനാശ ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇത് പോലുള്ള ചില "സംരക്ഷണ നടപടികളിലൂടെ" ഇപ്പോഴും ജീവിച്ചു പോകുന്നു. തങ്ങളുടെ അഭിപ്പ്രായം സര്ഗാത്മഗമായി പ്രകടിപ്പിക്കാനുള്ള കഴിവില്ലാത്ത ഇവര്ക് ഈ കെണിയില്‍ വീണു പോവുന്ന പാവങ്ങളായ കുറച്ച് അനുയായികളും ഉണ്ടാവും. എതിരാളികളെ കായികമായി നേരിടുക എന്ന തീര്‍ത്തും ഇസ്ലാമിക വിരുദ്ധമായ പ്രവര്‍ത്തന ശൈലി സ്വീകരിച്ച ഈ കൂട്ടരുടെ പ്രവര്‍ത്തനം കാണുന്നത് ഇതു പോലുള്ള വിവാദം ഉണ്ടാകുമ്പോള്‍ മാത്രമാണ് എന്നതു തന്നെ ഇതിനു പിന്നിലുള്ള ചേതോവികാരം വ്യക്തമാക്കുന്നു. വ്യത്യസ്ത പേരുകളും നേതാക്കളും ആണെങ്കിലും ഇവരുടെ പ്രവര്‍ത്തന രീതിയും ആശയങ്ങളും സമാനം. മാത്രമല്ല ഇത് ഏതെങ്കിലും ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്കുന്നതുമല്ല. എല്ലാ മതസ്തരിലും ഉണ്ട് ഇത്തരക്കാര്‍. സവിശേഷമായ സാഹചര്യത്തില്‍ മുസ്ലിങ്ങളില്‍ അരക്ഷിതത്വ ബോധം കൂടുതല്‍ ആയതിനാല്‍ സ്വാഭാവികമായും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുന്നു എന്ന് മാത്രം.
ഇതിലെ ഏറ്റവും നിര്‍ഭാഗ്യകരമായ വസ്തുത ഇതിനെ നേരിടുന്ന പലരും പുലര്‍ത്തുന്ന ഇരട്ടത്താപ്പ് ആണ്. ആവിഷ്കാര സ്വാതന്ത്രതിന്നു വേണ്ടി "വാദിക്കുന്ന" പലരും പുലര്‍ത്തുന്ന ഇരട്ടത്താപ്പുകള്‍ ഇവര്ക് കാര്യങ്ങള്‍ പലപ്പോഴും എളുപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. ടീ പീ വധം പോലെ ഒരു നീച കൃത്യത്തിനു നേത്രത്വം നല്കിയവര് തന്നെ ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിലെ കാപട്യം അസഹനീയമാണ്. സിനിമ പ്രദര്‍ശിപ്പിക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ട സംവിധായകന് ആഷിഖ് അബു പക്ഷെ സിനിമ കണ്ട ശേഷം വളരെ മാന്യമായി അതിനെ വിമര്‍ശിച്ചപ്പോള്‍ തന്റെ ഫേസ് ബുക്ക് പേജില്‍ അതി രൂക്ഷമായ തെറി അഭിഷേകമാണ് നേരിടേണ്ടി വന്നത്(അവസാനം ആ പേജ് ഡിലീറ്റ് ചെയ്യുകയാണുണ്ടായത് !). അതായത് ഒരേ സമയം ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരില്‍ സിനിമക്ക് വേണ്ടി വാദിക്കുന്നവരു തന്നെ അതിനെ മാന്യമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്രത്തെ അങ്ങേയറ്റം അസഹിഷ്ണുതയോടെ കാണുന്നു. അടിസ്ഥാനപരമായി വ്യക്തി സ്വാതന്ത്രം അന്ഗീകരിക്കാത്ത ഈ അസഹിഷ്ണുതയും ഇരട്ടത്താപ്പുമാണ് നമ്മുടെ സമൂഹത്തില്‍ ഇത് പോലുള്ള ആശയങ്ങളുടെ വളര്‍ച്ചക്കുള്ള മൂല കാരണവും.
കാലത്തിന്റെ മുന്നേറ്റത്തില്‍ ഈ "ദേശാടനക്കിളികളും" "ഇരട്ടത്താപ്പുകാരും" അപ്പ്രസക്തമാവുമെന്നു പ്രത്യാശിക്കാം.