സൂര്യനെല്ലി വിധിയും ചില ഭീതികളും
തീര്‍ച്ചയായും അങ്ങേയറ്റം സ്വാഗതാര്‌ഹവും ന്യായീകരിക്കാവുന്നതുമായ വിധിയാണ് സൂര്യനെല്ലി കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത് എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും "കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ 40 ദിവസത്തോളം ഒരു പെണ്കുട്ടിയുടെ സമ്മതമില്ലാതെ പീഡനം സാധ്യമല്ല" എന്ന ഹൈ കോടതിയുടെ ഞെട്ടിപ്പിക്കുന്ന പരാമര്‍ശത്തിനുള്ള തിരിച്ചടി കൂടി ആണ് ഇത്(കുട്ടിയും മരണവുമായി ഏതാനും ദിവസത്തെ അകലം മാത്രമേ ഉള്ളുവായിരുന്നൂ എന്നും ആന്തരിക അവയവങ്ങള്‍ എല്ലാം ഗുരുതരാവസ്ഥയില്‍ ആയിരുന്നു എന്നും പരിശോധിച്ച ഡോക്ടര്‍മാറ് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കെ ആയിരുന്നു ഈ വിചിത്ര കണ്ടെത്തല്‍ !) സൂര്യനെല്ലി സംഭാവത്തെക്കള്‍ കേരളത്തെ ഞെട്ടിപ്പിച്ചതായിരുന്നു ഈ വിധി. അതോടൊപ്പം ഇവിടെ ശ്രദ്ധേയമായ മറ്റൊരു വശം കൂടി ഉണ്ട്. 8 വര്‍ഷത്തോളമായി ഈ കേസ് സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുകയായിരുന്നു. വെറും ഒന്നര മണിക്കൂറാണ് ഇന്നലെ കേസില്‍ ആകെ എടുത്തത്. ഡല്‍ഹി സംഭവത്തിന് ശേഷമുണ്ടായ സവിശേഷമായ സാഹചര്യം കൊണ്ടും മാധ്യമ സമ്മര്‍ദം കൊണ്ടുമല്ലേ ഈ കേസ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടതും ഇങ്ങനെ ഒരു വിധി ഉണ്ടായതും എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തി കൂടാ. ഇത് പോലുള്ള ഒരു പാട് കേസുകള്‍ രാജ്യത്തെ അനേകം കോടതികളിലായി ഇനിയും കെട്ടിക്കിടക്കുന്നുണ്ട് . അതില്‍ സ്ത്രീ പീഡന കേസുകളും മനുഷ്യാവകാശ ലംഘന കേസുകളും ഉണ്ട്. പക്ഷെ ഇതിലൊന്നും പ്രത്യേകിച്ച് നടപടികള്‍ ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, സൂര്യനെല്ലി കേസില്‍ ഹൈ കോടതിയില്‍ നിന്നുണ്ടായ വിധി പോലുള്ള തീര്‍ത്തും അപ്പ്രതീക്ഷിതമായ വിധികളും ഉണ്ടാവുന്നുണ്ട്. "പൊതു ബോധം" എന്ന് ഭംഗി വാക്കാല്‍ വിശേഷിപ്പിക്കപ്പെടുന്ന "പൊതു സമ്മര്‍ദം" അല്ലെങ്കില്‍ ഒന്ന് കൂടി തെളിച്ചു പറഞ്ഞാല്‍ "മാധ്യമ സമ്മര്‍ദം" ശക്തമാവുമ്പോള്‍ മാത്രം നീതി ലഭിക്കുന്നു എന്ന അവസ്ഥ കാണുന്നു. കേസുകളില്‍ ഈ ബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വിധി ഉണ്ടാകുന്നത് നീതിന്യായ വ്യവസ്ഥിതിക്ക് ആരോഗ്യകരമാണോ എന്നും ചിന്തിക്കണം. അഫ്സല്‍ ഗുരു കേസില്‍ കോടതി വിധി ന്യായത്തില്‍ ഈ "പൊതു ബോധത്തെ" ("collective conscience") വ്യക്തമായി പരാമര്‍ശിക്കുക പോലും ചെയ്തിരുന്നു. അടിസ്ഥാനപരമായി തന്നെ കേസിന്റെ മെറിറ്റ് കൊണ്ടും പ്രാധാന്യം കൊണ്ടും നീതി കിട്ടുകയും അത് വേഗത്തിലാകുകയും ചെയ്യുന്നതിന് പകരം "കരയുന്ന കുഞ്ഞിനു മാത്രം പാല് " എന്ന രീതിയിലുള്ള സമീപനം നീതിന്യായ വ്യവസ്ഥയുടെ വളര്‍ച്ചയല്ല തളര്‍ച്ചയാണ് കാണിക്കുന്നത്. മാത്രമല്ല സമ്മര്‍ദം ശരിയായ നീതിക്കെതിരാകുമ്പോള്‍ അത് വിധിയെ സ്വാധീനിക്കനാകില്ലേ എന്ന പ്രസക്തമായ ചോദ്യവും ഉയരുന്നു. മദനിയുടെ കേസിലും ഏറെക്കുറെ ഇത് തന്നെ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജാമ്യപെക്ഷയുമായി ചെന്നപ്പോള്‍ അത് വിശദമായി കേള്‍കാന്‍ പോലുമുള്ള സന്മനസ്സു ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ലെന്ന് സെബാസ്റ്യന്‍ പോള് പരിതപിച്ചത് ഓര്‍ക്കുന്നു. പക്ഷെ ഈ വിഷയത്തില്‍ അടുത്ത കാലത്തുണ്ടായ അഭൂതപൂര്‍വമായ പ്രതിഷേധങ്ങളും ജന വികാരവും മൂലമാണ് എന്ന് സംശയിക്കത്തക്ക രീതിയില്‍ വ്യക്തമായ ചികിത്സ സൌകര്യങ്ങള്‍ മദനിക്ക് ലഭിക്കുന്നതാണ് നാം കാണുന്നത്. AFSPA നിയമത്തിനു അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്ന ജസ്റ്റിസ് വര്‍മ തന്നെ പുതിയ വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ AFSPA നീക്കം ചെയ്യുകയോ ശക്തമായ ഭേദഗതികളിലൂടെ മയപ്പെടുത്തുകയോ വേണം എന്ന് ആവശ്യപ്പെടുന്നു.അഥവാ കോടതികളോ ന്യായധിപരോ മാറാതെ തന്നെ വിധികളും കണ്ടെത്തലുകളും മാറുന്നു എന്നത് ഭീതിപ്പെടുത്തുന്നു, അത് പലപ്പോഴും നല്ല വിധികളും കണ്ടെത്തലുകളും ആണെങ്കില്‍ കൂടി.

No comments:
Post a Comment