Thursday, January 31, 2013


സൂര്യനെല്ലി വിധിയും ചില ഭീതികളും 

തീര്‍ച്ചയായും അങ്ങേയറ്റം സ്വാഗതാര്‌ഹവും ന്യായീകരിക്കാവുന്നതുമായ വിധിയാണ് സൂര്യനെല്ലി കേസില്‍ സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത് എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും "കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ 40 ദിവസത്തോളം ഒരു പെണ്കുട്ടിയുടെ സമ്മതമില്ലാതെ പീഡനം സാധ്യമല്ല" എന്ന ഹൈ കോടതിയുടെ ഞെട്ടിപ്പിക്കുന്ന പരാമര്‍ശത്തിനുള്ള തിരിച്ചടി കൂടി ആണ് ഇത്(കുട്ടിയും മരണവുമായി ഏതാനും ദിവസത്തെ അകലം മാത്രമേ ഉള്ളുവായിരുന്നൂ എന്നും ആന്തരിക അവയവങ്ങള്‍ എല്ലാം ഗുരുതരാവസ്ഥയില്‍ ആയിരുന്നു എന്നും പരിശോധിച്ച ഡോക്ടര്‍മാറ് സമര്‍പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കെ ആയിരുന്നു ഈ വിചിത്ര കണ്ടെത്തല്‍ !) സൂര്യനെല്ലി സംഭാവത്തെക്കള്‍ കേരളത്തെ ഞെട്ടിപ്പിച്ചതായിരുന്നു ഈ വിധി. അതോടൊപ്പം ഇവിടെ ശ്രദ്ധേയമായ മറ്റൊരു വശം കൂടി ഉണ്ട്. 8 വര്‍ഷത്തോളമായി ഈ കേസ് സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുകയായിരുന്നു. വെറും ഒന്നര മണിക്കൂറാണ് ഇന്നലെ കേസില്‍ ആകെ എടുത്തത്‌. ഡല്‍ഹി സംഭവത്തിന്‌ ശേഷമുണ്ടായ സവിശേഷമായ സാഹചര്യം കൊണ്ടും മാധ്യമ സമ്മര്‍ദം കൊണ്ടുമല്ലേ ഈ കേസ് ഇപ്പോള്‍ പരിഗണിക്കപ്പെട്ടതും ഇങ്ങനെ ഒരു വിധി ഉണ്ടായതും എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്തി കൂടാ. ഇത് പോലുള്ള ഒരു പാട് കേസുകള്‍ രാജ്യത്തെ അനേകം കോടതികളിലായി ഇനിയും കെട്ടിക്കിടക്കുന്നുണ്ട് . അതില്‍ സ്ത്രീ പീഡന കേസുകളും മനുഷ്യാവകാശ ലംഘന കേസുകളും ഉണ്ട്. പക്ഷെ ഇതിലൊന്നും പ്രത്യേകിച്ച് നടപടികള്‍ ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, സൂര്യനെല്ലി കേസില്‍ ഹൈ കോടതിയില്‍ നിന്നുണ്ടായ വിധി പോലുള്ള തീര്‍ത്തും അപ്പ്രതീക്ഷിതമായ വിധികളും ഉണ്ടാവുന്നുണ്ട്. "പൊതു ബോധം" എന്ന് ഭംഗി വാക്കാല്‍ വിശേഷിപ്പിക്കപ്പെടുന്ന "പൊതു സമ്മര്‍ദം" അല്ലെങ്കില്‍ ഒന്ന് കൂടി തെളിച്ചു പറഞ്ഞാല്‍ "മാധ്യമ സമ്മര്‍ദം" ശക്തമാവുമ്പോള്‍ മാത്രം നീതി ലഭിക്കുന്നു എന്ന അവസ്ഥ കാണുന്നു. കേസുകളില്‍ ഈ ബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള വിധി ഉണ്ടാകുന്നത് നീതിന്യായ വ്യവസ്ഥിതിക്ക് ആരോഗ്യകരമാണോ എന്നും ചിന്തിക്കണം. അഫ്സല്‍ ഗുരു കേസില്‍ കോടതി വിധി ന്യായത്തില്‍ ഈ "പൊതു ബോധത്തെ" ("collective conscience") വ്യക്തമായി പരാമര്‍ശിക്കുക പോലും ചെയ്തിരുന്നു. അടിസ്ഥാനപരമായി തന്നെ കേസിന്റെ മെറിറ്റ്‌ കൊണ്ടും പ്രാധാന്യം കൊണ്ടും നീതി കിട്ടുകയും അത് വേഗത്തിലാകുകയും ചെയ്യുന്നതിന് പകരം "കരയുന്ന കുഞ്ഞിനു മാത്രം പാല് " എന്ന രീതിയിലുള്ള സമീപനം നീതിന്യായ വ്യവസ്ഥയുടെ വളര്‍ച്ചയല്ല തളര്‍ച്ചയാണ് കാണിക്കുന്നത്. മാത്രമല്ല സമ്മര്‍ദം ശരിയായ നീതിക്കെതിരാകുമ്പോള്‍ അത് വിധിയെ സ്വാധീനിക്കനാകില്ലേ എന്ന പ്രസക്തമായ ചോദ്യവും ഉയരുന്നു. മദനിയുടെ കേസിലും ഏറെക്കുറെ ഇത് തന്നെ ആണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജാമ്യപെക്ഷയുമായി ചെന്നപ്പോള്‍ അത് വിശദമായി കേള്‍കാന്‍ പോലുമുള്ള സന്മനസ്സു ജഡ്ജിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിരുന്നില്ലെന്ന് സെബാസ്റ്യന്‍ പോള് പരിതപിച്ചത് ഓര്‍ക്കുന്നു. പക്ഷെ ഈ വിഷയത്തില്‍ അടുത്ത കാലത്തുണ്ടായ അഭൂതപൂര്‍വമായ പ്രതിഷേധങ്ങളും ജന വികാരവും മൂലമാണ് എന്ന് സംശയിക്കത്തക്ക രീതിയില്‍ വ്യക്തമായ ചികിത്സ സൌകര്യങ്ങള്‍ മദനിക്ക് ലഭിക്കുന്നതാണ് നാം കാണുന്നത്. AFSPA നിയമത്തിനു അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്ന ജസ്റ്റിസ്‌ വര്‍മ തന്നെ പുതിയ വര്‍മ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ AFSPA നീക്കം ചെയ്യുകയോ ശക്തമായ ഭേദഗതികളിലൂടെ മയപ്പെടുത്തുകയോ വേണം എന്ന് ആവശ്യപ്പെടുന്നു.

അഥവാ കോടതികളോ ന്യായധിപരോ മാറാതെ തന്നെ വിധികളും കണ്ടെത്തലുകളും മാറുന്നു എന്നത് ഭീതിപ്പെടുത്തുന്നു, അത് പലപ്പോഴും നല്ല വിധികളും കണ്ടെത്തലുകളും ആണെങ്കില്‍ കൂടി.

Wednesday, January 30, 2013

വിശ്വരൂപവും മാപ്പിള ലഹളയും; രണ്ടു വിരുദ്ധ സമീപനങ്ങള്‍ 

കരിയറിന്റെ ആദ്യ-മധ്യ കാലഘട്ടങ്ങളില്‍ ഒന്നാന്തരം കലാ സൃഷ്ടികളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ ത്രസിപ്പിച്ച കമല ഹാസന്റെ നിഴല്‍ മാത്രമാണ് ഈ അടുത്ത കാലങ്ങളില്‍ ആയി കണ്ടു കൊണ്ടിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി നിലവാരം കുറഞ്ഞ സിനിമകള്‍ വരികയും പ്രേക്ഷക മനസ്സുകളിലോ തീയേറ്ററുകളിലോ യാതൊരു ചലനവും സൃഷ്ടിക്കാതെ പോവുകയും ചെയ്യുന്നു. എഴുത്തുകാരും കലാകാരന്മാരും പൊതുവെ പല ഘട്ടങ്ങളിലും നേരിടുന്ന സര്‍ഗപരമായ പ്രതിസന്ധി ("writer's block") ഏറ്റവും പ്രകടമായി ഇപ്പോള്‍ കാണുന്നത് കമലാ ഹാസന്റെ കാര്യത്തിലാണ് എന്നുള്ളത് വേദനാജനകമാണ്. ശരാശരിയില്‍ താഴെ ഉള്ള നിരൂപണങ്ങള്‍ കാണുമ്പോള്‍ ആ നിലവാര തകര്‍ച്ചയില്‍ ഏറ്റവും പുതിയ എപ്പിസോഡ് മാത്രമാണ് "വിശ്വരൂപം" എന്ന് വേണം വിലയിരുത്താന്‍. അതാണ്‌ സിനിമ കണ്ട സംവിധായകന്‍ ആഷിഖ് അബു ഈ സിനിമ "വിവാദമായിരുന്നില്ലെങ്കില്‍ മുടക്കിയ മുതല്‍ നഷ്ടപ്പെടുത്തുമായിരുന്നു" എന്ന് അഭിപ്പ്രയപ്പെട്ടത്‌. 

കമലാ ഹസ്സന്റെ പതനത്തെക്കാള് ദയനീയമാണ് ഇതിനെതിരെ പ്രതിഷേധിക്കുന്ന സംഘടനകളുടെയും ആള്കാരുടെയും സ്ഥിതി. അവഗണിക്കേണ്ടതിനെ അവഗണിക്കാനും ആശയപരമായി നേരിടെണ്ടതിനെ ആശയപരമായി നേരിടാനും അറിയാത്തവര്‍ ഈ നവ യുഗത്തിലും ഉണ്ടാവുന്നു എന്നത് അത്ഭുതം ഉളവാക്കുന്നു. ഒന്നുകില്‍ വിവാദത്തിലൂടെ പണമുണ്ടാക്കുക അല്ലെങ്കില്‍ വ്യക്തമായ രാഷ്ട്രീയ,ഗൂഡ ലക്ഷ്യങ്ങള്‍ നേടുക എന്നതാണ് ഇത് പോലുള്ള ചവറു ഇറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. "ഇന്നസന്‍സ് ഓഫ് മുസ്ലിംസ്" എന്ന സിനിമയുടെ കാര്യത്തില് ആയിരുന്നു ഇത് ഏറ്റവും പ്രകടമായി കാണപ്പെട്ടത്. ശക്തമായ ക്രിമിനല്‍ പശ്ചാത്തലമുള്ള, കലാപരമായി യാതൊരു കഴിവും തെളിയിക്കാത്ത ഒരാള്‍ ഈ സിനിമ ഇന്ഗ്ലീഷില് എടുത്തപ്പോള്‍ അര്‍ഹിക്കുന്ന അവഞ്ഞയോടെ മുസ്ലിങ്ങള്‍ അടക്കമുള്ള എല്ലാവരും തള്ളി. പക്ഷെ പിന്നീട് അറബിക് സബ് ടയിട്ടില്‌ ചേര്‍ത്ത് ഇറക്കിയപ്പോള്‍ അറബ്/മുസ്ലിം ലോകത്ത് നിന്നും അഭൂതപൂര്‍വമായ പ്രതിഷേധം ആണ് ഉണ്ടായത്. സമാധാനത്തില്‍ ഊന്നിയ മുല്ലപ്പൂ വിപ്ലവത്തിന്റെ രീതിയെ അട്ടിമറിക്കുകയും അവരെ അക്ക്രമത്തിന്റെ പാതയിലേക്ക് തിരിച്ചു കൊണ്ട് വരികയും ചെയ്യുക എന്ന ഗൂഡ ലക്ഷ്യമായിരുന്നു ഇതിനു പിന്നില്‍. മുസ്ലിങ്ങളെ നൂറ്റാണ്ടുകളായി അടക്കി ഭരിക്കുന്ന വര്‍ഗം ഏറ്റവും ഭയപ്പെടുന്നതും സൈബര്‍ യുഗത്തിലെ ഈ "iMuslim" തലമുറയെയും അവരുടെ ആശയപരമായ പ്രവര്‍ത്തനങ്ങളെയും ആണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ മാറ്റങ്ങളോടും സമീപനങ്ങളോടും പുറം തിരിഞ്ഞു നില്‍കുന്ന വളരെ ചെറിയ ഒരു വിഭാഗവും ഇതില്‍ ഉണ്ട്. ഇസ്ലാമിക ലോകം(മറ്റു മതസ്ഥരെ പോലെ തന്നെ) ഈ രണ്ടു വിരുദ്ധ ധാരകളും ഉള്‍കൊള്ളുന്നു എന്നതാണ് സത്യം. അഥവാ വളരെ ചെറിയ ഈ ന്യൂനപക്ഷത്തെ ഉപയോഗിച്ച് ഭൂരിപക്ഷത്തിന്റെ എല്ലാ നന്മകളെയും നശിപ്പിക്കാന്‍ താല്‍പര കക്ഷികള്‍ക് എളുപ്പത്തില്‍ സാധിക്കുന്നു എന്നതാണ് ഏറെ ഖേദകരം. 

പ്രതികരണത്തിന്റെ കാര്യത്തിലുള്ള ഈ വൈരുധ്യം വീണ്ടും പ്രകടമാവുകയാണ് ഇന്ത്യയില്‍ ഇപ്പോള്‍. വിശ്വരൂപം സിനിമയില്‍ ഉണ്ടെന്നു പറയപ്പെടുന്ന ഇസ്ലാം വിരുദ്ധതക്കെതിരില്‍ വളരെ രൂക്ഷമായി ഒരു വിഭാഗം പ്രധിഷേധിക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്ത രീതിയിലുള്ള ഒരു സമീപനത്തിന് കൂടി ഈ അടുത്ത് കൊച്ചു കേരളം സാക്ഷ്യം വഹിച്ചു. മാപ്പിള ലഹള എന്ന പേരിലുള്ള ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയിലൂടെ പുറത്തിറങ്ങിയ "നാറ്റീവ് ബാപ്പ" ഭീകരതയെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയം വളരെ സത്യസന്ധമായും ആഴത്തിലും സമീപിച്ചു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ചലനം സൃഷ്‌ടിച്ച ആല്‍ബം മുഖ്യ ധാരാ മാധ്യമങ്ങളിലും ഇടം നേടി. സമാന രീതിയിലുള്ള നിരവധി ഉദാഹരണങ്ങള് വേറെയും ഉണ്ടാകുന്നു. ഒരു പാട് മികച്ച കലാ സൃഷ്ടികള്‍ സാമ്പ്രദായികമല്ലാത്ത പല കൂട്ടായ്മയിലൂടെയും പുറത്തു വരുന്നു. ഇത് പോലുള്ള അവസരങ്ങളും അത് ഉപയോഗപ്പെടുത്തുന്നവരും ശ്ലാഘനീയമായ രീതിയില്‍ കൂടിക്കൊണ്ടിരിക്കുകയാണ് എന്നിരിക്കെ മറ്റൊരു പ്രതികരണ രീതിക്ക് എന്ത് പ്രസക്തിയാനുള്ളത് ? ഏതു വിഭാഗത്തിനാണ് ഈ സൈബര്‍ യുഗത്തില്‍ തങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നതിന് തടസ്സം ഉള്ളത് ? ആരാണ് ഇവരെ തടയുന്നത് ? ഏറ്റവും സമാധനമായ മാര്‍ഗത്തിലൂടെ പതിറ്റാണ്ടഉകളോളം ഭരിച്ച സ്വേച്ചാധിപതികളെ മറിച്ചിടാന്‍ സാധിച്ചെങ്കില്‍ പിന്നെ എന്താണ് ഈ പ്രാകൃത സമര മുറകളുടെ പ്രസക്തി ?

അല്ലെങ്കിലും ഖുറാനും പ്രവാചക ചര്യയും എതിര്പുകളെ നേരിടാന്‍ പഠിപ്പിച്ച രീതി തീര്‍ത്തും സമാധാനപരവും സഹിഷ്ണുതാപരവും ആണെന്നിരിക്കെ ഈ കാടന്‍ സമീപനങ്ങള്‍ക് എന്ത് അടിസ്ഥാനമാണ് ഇസ്ലാമില്‍ ഉള്ളത് ?സൂക്ഷ്മ നിരീക്ഷണത്തില്‍ ഇങ്ങനെ ഉള്ള ചില പ്രശ്നങ്ങള് വരുമ്പോള്‍ മാത്രം ഇടപെട്ടു കൊണ്ട് മുസ്ലിം രാഷ്ട്രീയത്തിലുള്ള തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും അത് വഴി സ്ഥാനവും ചൂഷണത്തിനുള്ള സാധ്യതയും ഉറപ്പിക്കുന്ന രാഷ്ട്രീയ, പുരോഹിത വര്‍ഗത്തില്‍ പെട്ട നേതാക്കള് ആണ് ഇതിനു പിന്നിലെന്ന് കാണാം. ദേശാടന പക്ഷികളെ പോലെ ഇടയ്ക്കിടെ മാത്രം പൊതു സമൂഹത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന ഇവര്‍ പക്ഷെ ചെയ്യുന്ന ദ്രോഹം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സ്വന്തം സമുദായത്തെ തന്നെ. വംശനാശ ഭീഷണി നേരിടുന്നുണ്ടെങ്കിലും ഇത് പോലുള്ള ചില "സംരക്ഷണ നടപടികളിലൂടെ" ഇപ്പോഴും ജീവിച്ചു പോകുന്നു. തങ്ങളുടെ അഭിപ്പ്രായം സര്‌ഗാത്മഗമായി പ്രകടിപ്പിക്കാനുള്ള കഴിവില്ലാത്ത ഇവര്‍ക് ഈ കെണിയില്‍ വീണു പോവുന്ന പാവങ്ങളായ കുറച്ച് അനുയായികളും ഉണ്ടാവും. എതിരാളികളെ കായികമായി നേരിടുക എന്ന തീര്‍ത്തും ഇസ്ലാമിക വിരുദ്ധമായ പ്രവര്‍ത്തന ശൈലി സ്വീകരിച്ച ഈ കൂട്ടരുടെ പ്രവര്‍ത്തനം കാണുന്നത് ഇതു പോലുള്ള വിവാദം ഉണ്ടാകുമ്പോള്‍ മാത്രമാണ് എന്നതു തന്നെ ഇതിനു പിന്നിലുള്ള ചേതോവികാരം വ്യക്തമാക്കുന്നു. വ്യത്യസ്ത പേരുകളും നേതാക്കളും ആണെങ്കിലും ഇവരുടെ പ്രവര്‍ത്തന രീതിയും ആശയങ്ങളും സമാനം. മാത്രമല്ല ഇത് ഏതെങ്കിലും ഒരു വിഭാഗത്തില് മാത്രം ഒതുങ്ങി നില്കുന്നതുമല്ല. എല്ലാ മതസ്തരിലും ഉണ്ട് ഇത്തരക്കാര്. സവിശേഷമായ സാഹചര്യത്തില്‍ മുസ്ലിങ്ങളില്‍ അരക്ഷിതത്വ ബോധം കൂടുതല്‍ ആയതിനാല്‍ സ്വാഭാവികമായും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുന്നു എന്ന് മാത്രം.

ഇതിലെ ഏറ്റവും നിര്‍ഭാഗ്യകരമായ വസ്തുത ഇതിനെ നേരിടുന്ന പലരും പുലര്‍ത്തുന്ന ഇരട്ടത്താപ്പ് ആണ്. ആവിഷ്കാര സ്വാതന്ത്രതിന്നു വേണ്ടി "വാദിക്കുന്ന" പലരും പുലര്‍ത്തുന്ന ഇരട്ടത്താപ്പുകള്‍ ഇവര്‍ക് കാര്യങ്ങള്‍ പലപ്പോഴും എളുപ്പത്തിലാക്കുകയാണ് ചെയ്യുന്നത്. ടീ പീ വധം പോലെ ഒരു നീച കൃത്യത്തിനു നേത്രത്വം നല്‍കിയവര് തന്നെ ആവിഷ്കാര സ്വാതന്ത്രത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിലെ കാപട്യം അസഹനീയമാണ്. സിനിമ പ്രദര്‍ശിപ്പിക്കണം എന്ന് ശക്തമായി ആവശ്യപ്പെട്ട സംവിധായകന്‍ ആഷിഖ് അബു പക്ഷെ സിനിമ കണ്ട ശേഷം വളരെ മാന്യമായി അതിനെ വിമര്‍ശിച്ചപ്പോള്‍ തന്റെ ഫേസ് ബുക്ക് പേജില്‍ അതി രൂക്ഷമായ തെറി അഭിഷേകമാണ് നേരിടേണ്ടി വന്നത്(അവസാനം ആ പേജ് ഡിലീറ്റ് ചെയ്യുകയാണുണ്ടായത് !). അതായത് ഒരേ സമയം ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരില്‍ സിനിമക്ക് വേണ്ടി വാദിക്കുന്നവരു തന്നെ അതിനെ മാന്യമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്രത്തെ അങ്ങേയറ്റം അസഹിഷ്ണുതയോടെ കാണുന്നു. അടിസ്ഥാനപരമായി വ്യക്തി സ്വാതന്ത്രം അന്ഗീകരിക്കാത്ത ഈ അസഹിഷ്ണുതയും ഇരട്ടത്താപ്പുമാണ് നമ്മുടെ സമൂഹത്തില്‍ ഇത് പോലുള്ള ആശയങ്ങളുടെ വളര്‍ച്ചക്കുള്ള മൂല കാരണവും.

കാലത്തിന്റെ മുന്നേറ്റത്തില്‍ ഈ "ദേശാടനക്കിളികളും" "ഇരട്ടത്താപ്പുകാരും" അപ്പ്രസക്തമാവുമെന്നു പ്രത്യാശിക്കാം.